യുഎപിഎ കേസില്‍ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ അനുമതി
മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ അപ്പീല്‍ പിന്‍വലിക്കാന്‍ സംസ്ഥാനത്തിന് അനുവാദം.ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് സുപ്രിംകോടതി അപ്പീല്‍ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയത്. രൂപേഷിനെതിരായ യുഎപിഎ ചുമത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്.
രൂപേഷിന് എതിരെ ചുമത്തിയിരുന്ന യു.എ.പി.എ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് യുഎപിഎ കേസുകളിലായിരുന്നു നടപടി. സെക്ഷന്‍ 3,4 ഉം ആയ് ബന്ധപ്പെട്ട വ്യവസ്ഥകള്‍ സംസ്ഥാനം പാലിയ്ക്കാതെ ആണ് യു.എ.പി.എ ചുമത്തിയത്.
പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയെടുത്ത കേസാണ് ഇതെന്നതടക്കമായിരുന്നു അപ്പീല്‍ സമര്‍പ്പിച്ച കേരളത്തിന്റെ വാദം. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരില്‍ കോടതി എടുത്ത കേസ് മൊത്തം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും സംസ്ഥാനം അവകാശപ്പെട്ടിരുന്നു. ഇതെല്ലാം പൂര്‍ണ്ണമായും വിഴുങ്ങിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.