ഈ മാസം 30ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവും എന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറഞ്ഞു, ഒന്നിലും പേടിയില്ല; കെ സുധാകരൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി.
ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം പറഞ്ഞു. തനിക്ക് ഒന്നിലും പേടിയില്ല. ഇ ഡി വേട്ടയാടുന്നു എന്ന പരാതിയില്ല, അവർ അവരുടെ ജോലി ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്. മോൻസണുമായുള്ള ബന്ധം, ഇടപാടുകളുണ്ടായിരുന്നോ, മോൻസൻ്റെ വീട്ടിൽവച്ച് കണ്ടുമുട്ടിയിട്ടുള്ള വ്യക്തികൾ എന്നിവയിലാണ് കെ സുധാകരനിൽനിന്നും ഇ.ഡി വ്യക്തത തേടുക. മോൻസണിൽ നിന്ന് കെ സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു.
ഇതിനു പുറമേ തൃശ്ശൂർ സ്വദേശി അനൂപ്, മോൻസന് 25 ലക്ഷം രൂപ നൽകിയതിന് സുധാകരൻ ഇടനില നിന്നെന്ന പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി സുധാകരനെ വിളിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നറിയിച്ചായിരുന്നു ആദ്യ നോട്ടീസ്. എന്നാൽ ഒഴിവാക്കാൻ പറ്റാത്ത ചില പരിപാടികൾ ഉള്ളതിനാൽ ഇന്ന് ഹാജരാകാമെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു.