ഇഞ്ചിവില കുറഞ്ഞു; മുതല്‍മുടക്കുപോലും തിരികെ കിട്ടാതെ കര്‍ഷകര്‍
കല്‍പറ്റ:വിലയിലെ ഇടിവ് കുറവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചിക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു കനത്ത പ്രഹരമായി. മുതല്‍ മുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. പഴയ ഇഞ്ചി ചാക്കിനു(60 കിലോ ഗ്രാം) 1,750 ഉം പുതിയ ഇഞ്ചിയ്ക്കു 450-500 ഉം രൂപയാണ് നിലവില്‍ വില. 300 രൂപയില്‍ താഴെയാണ് വിലയുള്ള മുളയിഞ്ചി വാങ്ങുന്നതില്‍ കച്ചവടക്കാര്‍ വിമുഖത കാട്ടുകയുമാണ്.
പഴയ ഇഞ്ചി ചാക്കിനു കഴിഞ്ഞ വര്‍ഷം ഇതേസമയം 6,000 രൂപയായിരുന്നു വില. രണ്ടു മാസം മുമ്പ് ഇതു 2,600 രൂപയായിരുന്നു. വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകരില്‍ ഏറെയും വിളവെടുപ്പ് നടത്തിയില്ല. എന്നാല്‍ കൃഷിക്കാരുടെ കണക്കുകൂട്ടലിനു വിപരീതമായി ഇഞ്ചിവില ഗണ്യമായി കുറഞ്ഞു. സ്ഥലത്തിന്റെ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ ഇഞ്ചി വിളവെടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുമായി. പുതിയ ഇഞ്ചി വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 50 ശതമാനം കുറവാണ് ഉണ്ടായത്. ജൂലൈയില്‍ പുതിയ ഇഞ്ചി ചാക്കിനു 1,000 രൂപയായിരുന്നു വില. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാന വിപണികളുടെ പ്രവര്‍ത്തനം ഭാഗികമായതിനാല്‍ ഇഞ്ചി കയറിപ്പോകാത്തതാണ് ഇപ്പോഴത്തെ വിലക്കുറവിന്റെ കാരണങ്ങളിലൊന്ന്. ഡിമാന്റ്, സപ്ലൈ എന്നീ വിപണി ഘടകങ്ങള്‍ക്കൊപ്പം ചലിക്കുന്നതാണ് ഇഞ്ചി വില. 2014ല്‍ ഇഞ്ചി കിലോഗ്രാമിനു 150 രൂപ വിലയെത്തിയിരുന്നു.
മൂപ്പെത്തിയിട്ടും പറിക്കാതെ ഇട്ടിരിക്കുന്നതാണ് പഴയ ഇഞ്ചിയെന്നു അറിയപ്പെടുന്നത്. പഴയ ഇഞ്ചിയില്‍നിന്നു മുളപൊട്ടി ഉണ്ടാകുന്നതാണ് മുളയിഞ്ചി. മുളയിഞ്ചിയുടെ പാവ് വളരുന്ന മുറയ്ക്കു പഴയ ഇഞ്ചിയുടെ തുക്കം കുറയും. പഴയ ഇഞ്ചിയാണ് മുളയിഞ്ചിയുടെ ആഹാരസ്രോതസ്. രോഗ-കീടബാധയേറ്റ പാടങ്ങളില്‍നിന്നുള്ളതാണ് നിലവില്‍ വിപണികളിലെത്തുന്ന പുതിയ ഇഞ്ചി.
ഇഞ്ചിവിലയിലെ കുറവുമൂലം കനത്ത നഷ്ടമാണ് ഉണ്ടായതെന്നു ഹെഗ്ഗഡദേവന്‍ കോട്ടയ്ക്കു സമീപം കൃഷി നടത്തുന്ന പുല്‍പള്ളി ഇലക്ട്രിക് കവല കൈനികുടി പീറ്റര്‍ പറഞ്ഞു.
ഇഞ്ചിക്കൃഷിച്ചെലവ് ഓരോ വര്‍ഷവും ഉയരുകയാണ്. ഒരേക്കറില്‍ ഇഞ്ചി കൃഷി ചെയ്യുന്നതിനു ആറു ലക്ഷം രൂപ വരെയാണ് ചെലവ്. ഒരേക്കര്‍ കരഭൂമിക്കു 80,000-ഒരു ലക്ഷം രൂപയാണ് 18 മാസത്തേക്കു പാട്ടം. ജലസേചന സൗകര്യമുള്ള വയല്‍ ഏക്കറിനു ഒന്നര ലക്ഷം രൂപ വരെ പാട്ടമായി നല്‍കണം. വിത്ത്, ചാണകം, പുതയിടല്‍, ജലസേചനത്തിനുള്ള മരാമത്ത് പണികള്‍, പണിക്കൂലി എന്നീ ഇനങ്ങളിലും വലിയ തുക മുടക്കണം. ഇഞ്ചിപ്പാടത്തെ പണിക്കു തദ്ദേശ തൊഴിലാളികളില്‍ പുരുഷന്‍മാര്‍ക്കു 500ഉം സ്ത്രീകള്‍ക്കു 400 ഉം രൂപയാണ് ചെലവില്ലാതെ ദിവസക്കൂലി. കേരളത്തില്‍നിന്നു കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്കു ഇതില്‍ക്കൂടുതല്‍ കൂലി നല്‍കണം. ഭക്ഷണ-താമസ സൗകര്യവും ഒരുക്കണം.
കര്‍ണാടകയില്‍ മൈസൂരു, മാണ്ഡ്യ, ചാമരാജ്‌നഗര്‍, കുടക്, ഷിമാഗ ജില്ലകൡലാണ് പ്രധാനമായും കേരളത്തില്‍നിന്നുളള കര്‍ഷകരുടെ ഇഞ്ചിക്കൃഷി. ഒറ്റയ്ക്കും കൂട്ടായും ഇഞ്ചിക്കൃഷി നടത്തുന്ന മലയാളികളുടെ എണ്ണം ആയിരക്കണക്കിനു വരും. ഏതാനും വര്‍ഷങ്ങളായി തദ്ദേശീയരും ഇഞ്ചി കൃഷി ചെയ്യുന്നുണ്ട്.
മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാല്‍ മാത്രമാണ് ഇഞ്ചിക്കൃഷി ലാഭകരമാകുക. വെള്ളപ്പൊക്കം, വരള്‍ച്ച, മാരകമായ രോഗബാധ എന്നിവയുടെ അഭാവത്തില്‍ ഏക്കറില്‍ 18,000 കിലോഗ്രാം (300 ചാക്ക്) ഇഞ്ചിയാണ് ശരാശരി വിളവ്. മണ്ണിന്റെ ഗുണവും മികച്ച പരിപാലനവും ഉയര്‍ന്ന വിളവിനു സഹായകമാണ്. ഏക്കറില്‍ 30,000 കിലോഗ്രാം വരെ വിളവ് ലഭിക്കുന്നവര്‍ കര്‍ഷകര്‍ക്കിടയില്‍ കുറവല്ല.
മെച്ചപ്പെട്ട വിളവും ചാക്കിനു 3,000 രൂപ വിലയും ലഭിച്ചാല്‍ കൃഷി ലാഭകരമാകുമെന്നു മൈസൂരു ജില്ലയിലെ കണ്ണമ്പാടിക്കു സമീപം കൃഷിയുളള ബത്തേരി ഇരുളം അങ്ങാടിശേരി കൊല്ലിയില്‍ ജോർജ് പറഞ്ഞു