കെ. വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല, കേരളത്തിൽ മാധ്യമ വേട്ടയുമില്ല; എം.വി ഗോവിന്ദൻ
വ്യാജ മുൻ പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ കെ. വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും കേരളത്തിൽ മാധ്യമ വേട്ടയുണ്ടെന്നത് വാസ്തവ വിരുദ്ധമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഐഎമ്മുകാർ സഹായിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ചോട്ടെ. ഇതുമായി ബന്ധപ്പെട്ട് ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം തെറ്റായ പ്രവണതകൾ പാർട്ടി വച്ചുപൊറുപ്പിക്കില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് വിഷയം പാർട്ടി ഗൗരവത്തെയോടെയാണ് കാണുന്നത്.
സിന്റിക്കേറ്റ് അംഗം എന്ന നിലയിൽ ബാബു ജാൻ പല വിഷയങ്ങളിലും ഇടപെട്ടിട്ടുണ്ടാകാമെന്നും എം.വി ഗോവിന്ദ പറഞ്ഞു.
വ്യാജ രേഖ നിര്‍മ്മിച്ചിട്ടില്ലെന്ന മുന്‍ മൊഴികളില്‍ വിദ്യ ഉറച്ച് നില്‍ക്കുകയാണ്. പറഞ്ഞ് പഠിപ്പിച്ചത് പോലെയുളള പ്രതികരണമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബയോഡാറ്റയിലെ ‘മഹാരാജാസ്’ പരാമര്‍ശം കൈപ്പിഴയെന്നാണ് പൊലീസിനോടും വിദ്യ ആവര്‍ത്തിക്കുന്നത്.
അട്ടപ്പാടി കോളജിലെ മുഖാമുഖത്തിൽ മഹാരാജാസ് കോളജിന്റെ പേരിൽ താൻ സമർപ്പിച്ചതായി പറയുന്ന അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് കോളജ് പ്രിൻസിപ്പലിന് മറ്റാരോ കൈമാറിയതെന്ന് വിദ്യ മൊഴിനൽകി. ഇത് തന്റെ തലയിലാക്കി ഫയലിൽ സൂക്ഷിച്ച് വിവാദങ്ങളുണ്ടാക്കാൻ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. മഹാരാജാസ് കോളജിലെ അധ്യാപകരിൽ ചിലരുടെ പ്രേരണയിൽ അട്ടപ്പാടി പ്രിൻസിപ്പൽ താൻ വ്യാജ രേഖ സമർപ്പിച്ചു എന്ന് പ്രചരിപ്പിക്കുകയായിരുന്നു. പ്രിൻസിപ്പലിനോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചാൽ തനിക്കെതിരായ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ പറഞ്ഞു.
അട്ടപ്പാടിയിലെ വിവാദത്തിന് പിന്നാലെ കരിന്തളത്തും താൻ വ്യാജരേഖ സമർപ്പിച്ചു എന്ന് ബോധപൂർവ്വം പ്രചരിപ്പിച്ചു. മഹാരാജാസിന്റെ പേരിലുള്ള അധ്യാപന പരിശീലന സർട്ടിഫിക്കറ്റ് താൻ കരിന്തളത്ത് സമർപ്പിച്ചിട്ടില്ല. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തതിനാൽ ആണ് ഫോണുകൾ ബോധപൂർവ്വം നിശ്ചലമാക്കിയത്. സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവർത്തകർ നൽകിയ പിന്തുണയാണ് തന്നെയും കുടുംബത്തെയും തകർന്നുപോയ സാഹചര്യത്തിൽ നിലനിർത്തിയത്. നോട്ടീസ് ലഭിച്ചിരുന്നുവെങ്കിൽ താൻ നേരിട്ട് നേരത്തെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമായിരുന്നുവെന്നും വിദ്യ മൊഴി നൽകി.
വിദ്യയുമായി ഇന്ന് തെളിവെടുപ്പ് നടത്താനാണ് പൊലീസിൻ്റെ നീക്കം. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളേജ് പ്രിൻസിപ്പൾ ഇന്ന് അഗളി പൊലീസ് മുൻപാകെ മൊഴി നൽകാൻ എത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൾ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ പൊലീസിൽ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിൻസിപ്പൾ തെളിവെടുപ്പിന് ഹാജരാവുന്നത് എന്നതാണ് ശ്രദ്ധേയം. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം വിദ്യയെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് ജുഡീഷ്യൽ കസ്റ്റഡി എന്ന നിലയിൽ റിമാൻഡിൽ വിടുകയും ചെയ്യും.