എന്താണ് മോൻസണും സുധാകരനും തമ്മിലുള്ള കരാർ?, ഇക്കാര്യത്തിൽ പ്രതിച്ഛായ കോൺഗ്രസുകാരെ കാണാനില്ല; എഎ റഹിം
എന്താണ് മോൻസണും സുധാകരനും തമ്മിലുള്ള കരാറെന്നും ഇക്കാര്യത്തിൽ പ്രതിച്ഛായ കോൺഗ്രസുകാരെയൊന്നും കാണാനില്ലെന്നും എഎ റഹിം എംപിയുടെ പരിഹാസം. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ കെപിസിസി അധ്യക്ഷൻ ചോദ്യം ചെയ്യലിന് പോയിരിക്കുകയാണ്. എത്ര അപമാനകരമായ സാഹചര്യമാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നതെന്നും എ.ഐ.സി.സി നേതാക്കൾ മൗനം വെടിയണമെന്നും എഎ റഹിം പറഞ്ഞു.
പ്രിയാ വർഗീസ് കേസിൽ ഗംഭീരമായ വിധിന്യായമാണ് കോടതിയിൽ നിന്നുണ്ടായത്. മാധ്യമങ്ങൾക്കെതിരായ വിധി കൂടിയാണിത്. ജനാധിപത്യ മര്യാദ പാലിക്കണമെന്നാണ് കോടതി മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. പ്രിയ വർഗീസ് വിധി മാധ്യമങ്ങളുടെ കണ്ണുതുറപ്പിക്കണം. നിഖിൽ തോമസിനെ അടിയന്തരമായി അറസ്റ്റ് ചെയ്യണം എന്ന് തന്നെയാണ് ഡി.വൈ.എഫ്.ഐയുടെ നിലപാട്. ആഭ്യന്തര വകുപ്പ് കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ ഇടപ്പെടുന്ന വകുപ്പാണ്.
മണിപ്പൂരിലേത് രാജ്യത്തെ തന്നെ അസാധാരണ സാഹചര്യമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. കേന്ദ്ര സർക്കാരിന് സംഘർഷം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നതാണ് വാസ്തവം. ഇന്ത്യയുടെ കണ്ണീർക്കണമായി മണിപ്പൂർ മാറുകയാണ്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ രാജ്യ വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.