‘പോയവർക്കും കൊണ്ടുപോയവർക്കും ഉത്തരവാദിത്തമുണ്ട്’; കർഷകൻ ഇസ്രായേലിൽ നിന്ന് മുങ്ങിയ സംഭവത്തിൽ പ്രതികരിച്ച് വി.മുരളീധരൻ
നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കണ്ണൂർ സ്വദേശി ബിജു കുര്യനെ കാണാതായ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. പോയവർക്കും കൊണ്ടുപോയവർക്കും
ഉത്തരവാദിത്തമുണ്ട്. ആ രാജ്യത്തെ നിയമങ്ങൾ പാലിക്കണം. വിശദാംശങ്ങൾ ശേഖരിച്ചശേഷം കൂടുതൽ പറയാം. വിദേശരാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മാളമായി പോകണമെങ്കിൽ നിയമം പാലിക്കണം. അതല്ലെങ്കിൽ പിന്നീട് ഈ രാജ്യങ്ങളിലേക്ക് പോകാൻ ശ്രമിക്കുന്നവർക്ക് വരെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി.
അതേസമയം ബിജു കുര്യനെ തെരഞ്ഞെടുത്തതിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ് അറിയിച്ചു. പഠന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ ബിജു കുര്യന് യോഗ്യതയുണ്ടെന്ന് കൃഷിവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം വ്യക്തമാക്കി.
ബിജു കുര്യന്റെ കണ്ണൂർ ഇരിട്ടി പായത്തെ കൃഷിഭൂമിയിൽ പ്രത്യേക സംഘം പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള കണ്ണൂർ, കാസർഗോഡ് ജില്ലാ കൃഷി ഓഫീസർമാർ രണ്ട് ദിവസത്തിനകം കൃഷി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും.ബിജു കുര്യൻ മികച്ച കർഷകനെന്ന് പഞ്ചായത്ത് അംഗം അനിൽ പറഞ്ഞു. മുങ്ങാൻ പദ്ധതിയുണ്ടെന്ന് അറിവില്ലായിരുന്നു.
അനർഹമായ രീതിയിലാണ് ബിജു കുര്യൻ അടക്കമുള്ള ആളുകൾ ഈ സംഘത്തിൽ കയറിപ്പറ്റിയതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പായം പഞ്ചായത്തിലെ കൃഷി ഓഫീസർ കെ.ജെ രേഖയോട് ഇത് സംബന്ധിച്ച് ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ആ കൃഷിവകുപ്പ് ആദ്യം തന്നെ നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തിൽവിശദമായ അന്വേഷണം കൃഷിവകുപ്പ് പ്രഖ്യാപിച്ചത്. ആ കണ്ണൂർ, കാസർഗോഡ് ജില്ലാ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് കർഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കർഷകരിൽ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു.