പ്രതിപക്ഷ പ്രതിഷേധം; മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും
നികുതി വർധനവിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്കേർപ്പെടുത്തിയ അതീവ സുരക്ഷ ഇന്നും തുടരും. തലസ്ഥാനത്ത് തുടരുന്ന മുഖ്യമന്ത്രിക്ക് മൂന്നു പരിപാടികളാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്. അതീവ സുരക്ഷക്കിടയിലും കരിങ്കൊടി പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷ യുവജന സംഘടനകൾ. നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് വരെ പ്രതിഷേധം ശക്തമായി നിലനിർത്താനാണ് പ്രതിപക്ഷത്തിന്റെ ആലോചന.
അതേസമയം അമിത സുരക്ഷയെന്ന വിമർശനതിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നിൽ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളിൽ മുഖ്യമന്ത്രിയെത്തുമ്പോൾ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.
സംസ്ഥാനത്തു ആദ്യമായിട്ടാണ് വിഐപി സുരക്ഷയ്ക്ക് പ്രത്യേക തസ്തിക.
നിലവിൽ ഇന്റലിജൻസിന്റെ കീഴിലാണ് വിഐപി സെക്യുരിറ്റി. ഇന്റലിജൻസ് എഡിഡിപിയും കീഴിൽ സെക്യൂരിറ്റി എസ്.പിയുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന പേരിലാണ് പുതിയ തസ്തിക സൃഷ്ടിച്ചത്.