Thursday, January 2, 2025
Kerala

റോഡിന് സമീപത്തെ കനാല്‍ 15അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മൂവാറ്റുപുഴ പണ്ടപ്പള്ളിയില്‍ റോഡിന് സമീപത്തെ കനാല്‍ 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണു. മുവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന കനാലിന്റെ ഉപകനാലാണ് തകര്‍ന്നത്. ഞായറാഴ്ച വൈകീട്ടാണ് കനാല്‍ തകര്‍ന്നുവീണത്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. കനാല്‍ ഇടിയുന്നതിന് തൊട്ടുമുമ്പ് റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോയിരുന്നു.

മുവാറ്റുപുഴ, മാറാടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും വെള്ളം കൊണ്ടുപോകുന്നത് ഈ ഉപകനാലിലൂടെയാണ്. കനാല്‍ ഇടിഞ്ഞ് മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകിയിറങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. വെള്ളം കുത്തിയൊഴുകിയെത്തി സമീപത്തെ വീട്ടില്‍ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിയുമുണ്ടായി. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെയും അടിഞ്ഞു കൂടി കിടക്കുന്ന മാലിന്യവും മണ്ണും നീക്കം ചെയ്യാതെയും വെള്ളം തുറന്നു വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

അതേസമയം കനാലിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കി ജനലഭ്യത ഉറപ്പുവരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പിടിസി കനാല്‍ കടന്നുപോകുന്ന പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ അപകട സാധ്യതയുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കനാലിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ ആശ്രയിക്കുന്ന ആളുകളും വലിയ ആശങ്കയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *