കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെ കൂട്ടരാജി; ഡീന്‍ ഉള്‍പ്പെടെ എട്ടുപേര്‍ പുറത്തേക്ക്
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജിവച്ചു. ഡീന്‍ ചന്ദ്രമോഹന്‍, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡയറക്ഷന്‍-ബാബാനി പ്രമോദി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ്, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരാണ് രാജിവച്ചത്. ഡയറക്ടര്‍ ആയിരുന്ന ശങ്കര്‍ മോഹനുമായി അടുപ്പം പുലര്‍ത്തിയിരുന്ന അധ്യാപകരുടേതാണ് കൂട്ടരാജി. അധ്യാപകര്‍ക്ക് ഗുണനിലവാരം ഇല്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാതി അംഗീകരിക്കാന്‍ ആവില്ലെന്ന വിമര്‍ശനം ഉയര്‍ത്തിയായിരുന്നു രാജി. പതിനെട്ടാം തീയതി തന്നെ ശങ്കര്‍ മോഹന് രാജി നല്‍കിയിരുന്നെന്നാണ് അധ്യാപകര്‍ പറയുന്നത്.
അതേസമയം ശങ്കര്‍ മോഹന് പകരം പുതിയ ഡയറക്ടറെ കണ്ടെത്താന്‍ സര്‍ക്കാര്‍ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. ഡോ. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിററിയിലുള്ളവര്‍. ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ശങ്കര്‍ മോഹന് രാജി സമര്‍പ്പിച്ചത്. രാജിക്ക് വിവാദവുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹനന്റെ വിശദീകരണം.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നു. ഉന്നതതല സമിതി അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷം ആണ് ശങ്കര്‍ മോഹനന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.