പി.ടി തോമസിന്‍റെ കണ്ണുകള്‍ ദാനംചെയ്യും
അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനംചെയ്യും. നേത്രദാനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് ഇന്ന് രാവിലെ 10.15ന് വെല്ലൂർ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. അർബുദത്തെ തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില വഷളാവുകയും വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ച്ഛിച്ച നിലയിലായിരുന്നു.
ഇന്ന് രാത്രിയോടെ മൃതദേഹം കൊച്ചിയിലെത്തിക്കും. നാളെ രാവിലെ എറണാകുളം ഡിസിസിയിലും ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തൃക്കാക്കര മണ്ഡലത്തിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ജന്മദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോകും.
മൃതദേഹം ദഹിപ്പിക്കണമെന്നാണ് പി.ടിയുടെ അന്ത്യാഭിലാഷം. മൃതദേഹത്തിൽ റീത്ത് വെക്കരുതെന്നും അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം’ എന്ന പാട്ട് കേൾപ്പിക്കണമെന്നും അന്ത്യാഭിലാഷത്തിൽ പറയുന്നു. നവംബർ 22നാണ് പി.ടിയുടെ ആവശ്യപ്രകാരം അന്ത്യാഭിലാഷം എഴുതി വെച്ചത്. പി.ടി തോമസിന്റെ മൃതദേഹം നാളെ വൈകീട്ട് നാലരയോടെ രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും