കെഎസ്ആര്‍ടിസി ജീവനക്കാര്‍ കൂലിപ്പണിക്ക് പോകുന്നു, ലീവ് വേണമെന്നാവശ്യപ്പെട്ട് കത്ത്
കൊല്ലം: കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല. ശമ്പളം നല്‍കാത്തതിനാല്‍ കൂലിപ്പണിക്ക് പോകാന്‍ ലീവ് ആവശ്യപ്പെട്ട് ജീവനക്കാര്‍. പുനലൂര്‍ ഡിപ്പോയിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനാല്‍ കൂലിപ്പണിക്ക് പോകുന്നതിന് അവധി ആവശ്യപ്പെട്ടു എടിഒയ്ക്ക് കത്തുനല്‍കിയത് .
നിത്യച്ചെലവ് പോലും വഹിക്കാനാകാത്ത സ്ഥിതിയാണുള്ളത് . കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ല. അതിനാല്‍ കുടുംബം പുലര്‍ത്താനാണ് കൂലിപ്പണിക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. നവംബര്‍ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിഎംഎസ് യൂണിയനില്‍പ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്നലെ എടിഒ ഓഫിസില്‍ കുത്തിയിരുന്ന് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.317 ജീവനക്കാരുള്ള പുനലൂര്‍ ഡിപ്പോയില്‍ ഒന്നേകാല്‍ കോടിയോളം രൂപയാണ് ഒരു മാസം ശമ്പളമായി നല്‍കേണ്ടത്.