പൊലീസുകാരന്‍ ഓണ്‍ലൈന്‍ റമ്മിയുടെ ഇര; സ്വര്‍ണം മോഷ്ടിച്ച ഉദ്യോഗസ്ഥനെതിരെ മുന്‍പും ആരോപണങ്ങളുണ്ടായിരുന്നതായി സൂചന
ഞാറയ്ക്കലിലെ സ്വര്‍ണ്ണ മോഷണകേസില്‍ അറസ്റ്റിലായ പൊലീസുകാരനെതിരെ മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെന്ന് വിവരം. അറസ്റ്റിലായ അമല്‍ദേവ് ഉള്‍പ്പെട്ട എആര്‍ ക്യാമ്പില്‍ നിന്നും പണം കാണാതായ സംഭവത്തില്‍ ഇയാള്‍ സംശയനിഴലിലായിരുന്നു. 75000 രൂപ കാണാതായതുമായി ബന്ധപ്പെട്ടാണ് അമല്‍ദേവിനെതിരെ ആരോപണമുള്ളത്. ഇയാള്‍ക്ക് 30 ലക്ഷത്തിലേറെ കടമുണ്ടെന്നും വിവരമുണ്ട്.
അമല്‍ദേവ് ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇരയാണ്. റമ്മി കളിയിലൂടെ പൊലീസുകാരനുണ്ടായ കടം ലക്ഷങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാധ്യത തീര്‍ക്കാന്‍ പണം കടം ചോദിച്ചെങ്കിലും ആരും സഹായിച്ചില്ല. ഇതോടെയാണ് ഇയാള്‍ സ്വര്‍ണം മോഷ്ടിച്ചത്. അമല്‍ദേവ് മോഷ്ടിച്ച സ്വര്‍ണ്ണം കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച സ്വര്‍ണ്ണം അമല്‍ദേവ് വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തു.സ്വര്‍ണ്ണം പോലീസ് വീണ്ടെടുത്തു. കേസ് ഒത്തുതീര്‍പ്പാക്കാനും നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് അമല്‍ദേവ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.
സ്വര്‍ണം കാണാനില്ലെന്ന നടേശന്റെ പരാതിയിലാണ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് സ്വര്‍ണം മോഷ്ടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് അമല്‍ ദേവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താന്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും അതാണ് സ്വര്‍ണം മോഷ്ടിക്കാന്‍ കാരണമെന്നും പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ അമല്‍ ദേവ് പൊലീസിനോട് പറഞ്ഞു.