Monday, January 6, 2025
Kerala

കാട്ടുപന്നിയെ വെർമൻ ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാൻ വനംവകുപ്പിന്റെ നീക്കം

കാട്ടുപന്നിയെ ശല്യകാരിയായ മൃഗമായി(വെർമിൻ) പ്രഖ്യാപിക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടിയതായി വനം വകുപ്പ് മന്ത്രി കെ രാജു. കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇവയെ ശല്യകാരിയായി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാനായാണ് അനുമതി തേടിയിരിക്കുന്നത്.

 

വെർമിനായി പ്രഖ്യാപിച്ചാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വനം വകുപ്പിന് സാധിക്കും. സംസ്ഥാനമാകെ ഇങ്ങനെ അനുമതി ലഭിക്കില്ല. ചില മേഖലകൾ, ക്ലസ്റ്റർ അടിസ്ഥാനത്തിലാണ് അനുമതി ലഭിക്കുക

കേന്ദ്രാനുമതി ലഭിച്ചാലുടൻ കേരളത്തിലെ കാട്ടുപന്നി ആക്രമണം പൂർണമായും ഇല്ലായ്മ ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

മന്ത്രിയുടെ കുറിപ്പ്

കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സർക്കാർ ഉത്തരവ് നൽകി.
കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശ മായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിന് ആയില്ല.
ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ ഈ സർക്കാർ അനുമതി നൽകി ഉത്തരവായത്. ആ ഉത്തരവ് ഇപ്പോൾ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു.
എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ ഈ സർക്കാർ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്. അത് തേടുന്നതിന് നേരത്തെ നിർദേശം നൽകിയെങ്കിലും അതിന് ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. അത്തരം മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാൻ ഉത്തരവ് നൽകി. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയും

Leave a Reply

Your email address will not be published. Required fields are marked *