‘എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചു’; എം.വി ഗോവിന്ദന്
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഇഡി നടപടിക്കെതിരെ സി.പി.ഐ.എം. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പ്രശ്നങ്ങൾക്ക് കാരണം പാർട്ടി നേതൃത്വമാണെന്ന് വരുത്തി തീർക്കാൻ ഇഡി ശ്രമിക്കുന്നു. മുന്‍ മന്ത്രി എ.സി മൊയ്തീനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇഡി ശ്രമിച്ചതായും കൗൺസിലർ അരവിന്ദാക്ഷനെ ഇഡി മർദിച്ചതായും എം.വി ഗോവിന്ദന് ആരോപിച്ചു.
സഹകരണ മേഖല കേരളത്തിന്റെ വികസനത്തിന്റെ ഭാഗം. കരുവന്നൂര്‍ പ്രശ്നം സര്‍ക്കാര്‍ ഫലപ്രദമായ അന്വേഷണം നടത്തിയ വിഷയമാണ്. അതിന് ശേഷം പാര്‍ട്ടി നേതൃത്വമാണ് ഇതിന്റെയെല്ലാം പിന്നിലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പ്രഖ്യാപിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്. പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുകയും ചോദ്യം ചെയ്യുകയുമുണ്ടായി. ഒരു തെളിവും അവര്‍ക്ക് മുന്നോട്ട് വെക്കാനുണ്ടായിരുന്നില്ല. തെളിവുണ്ടാക്കാനായി ചില ആളുകളെ ചോദ്യംചെയ്യാന്‍ പുറപ്പെട്ടു. അതിന്റെ ഭാഗമായി ചില ആളുകളോട് മൊയ്തീന്റെ പേര് പറയണമെന്ന് ഭീഷണിപ്പെടുത്തിയതായും എം.വി ഗോവിന്ദന്.
മകളുടെ വിവാഹം നടക്കില്ലെന്ന് അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തി. ഇ ഡി ബലപ്രയോഗം നടത്തുകയാണ്. ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. ഉത്തരേന്ത്യയില്‍ നിന്നടക്കം വന്നിട്ടുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തുന്ന കൂട്ടായ ശ്രമമാണിത്. അരവിന്ദാക്ഷന് തന്നെയാണ് ഇതൊക്കെ വെളിപ്പെടുത്തിയതെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
സഹകരണ സംഘങ്ങളെ കൈപ്പിടിയിലൊതുക്കുന്നതിനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മുന്‍കൈയെടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരികയാണ്. നോട്ട് നിരോധന ഘട്ടത്തില്‍ സഹകരണസംഘങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണത ശക്തിപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു, കേരളത്തിലെ മുഴുവന്‍ സഹകരണ പ്രസ്ഥാനങ്ങളേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ കൈകാര്യം ചെയ്യും. അതോടെയാണ് ആ പ്രതിസന്ധി അവസാനിച്ചതെന്നും ഗോവിന്ദന് പറഞ്ഞു.