Saturday, October 19, 2024
Kerala

സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്ത് പുതുതായി അഞ്ച് ഐടിഐകള്‍ ആരംഭിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.ആരക്കുഴ ഗവ. ഐടിഐയുടെ മൂന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ഗവ ഐടിഐകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. 2.66 കോടിരൂപ ചെലവ് വരുന്ന മൂന്നാംഘട്ട നിര്‍മ്മാണപ്രവൃത്തികള്‍ക്കാണ് ആരക്കുഴയില്‍ തുടക്കമായത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള രണ്ട് ട്രേഡുകള്‍ക്കു പുറമെ മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കാനും 240 ട്രെയിനികള്‍ക്ക് പരിശീലനം നല്‍കുവാനും കഴിയും.

 

ഗ്രാമീണമേഖലകളിലും വ്യാവസായികപരിശീലന സൗകര്യം ഏര്‍പ്പെടുത്തി കൂടുതല്‍ പേര്‍ക്ക് പരിശീലനം നേടാന്‍ അവസരമൊരുക്കും. നാലു വര്‍ഷത്തിനിടയില്‍ പതിനേഴ് പുതിയ സര്‍ക്കാര്‍ ഐടിഐകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചുവെന്നും മന്ത്രി ചൂണ്ടികാട്ടി. നിലവില്‍ 99 സര്‍ക്കാര്‍ ഐടിഐകളിലായി 22,000 പേര്‍ക്ക് ഓരോവര്‍ഷവും പ്രവേശനം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മ്മപദ്ധതികളുടെ ഭാഗമായി വ്യാവസായികപരിശീലനവകുപ്പും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പത്ത് ഐടിഐകള്‍ കിഫ്ബി ധനസഹായത്തോടെയാണ് രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐടിഐകള്‍ സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.

 

പദ്ധതി പൂര്‍ത്തിയാകുന്നതോടെ പന്ത്രണ്ട് ഐടിഐകളും രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായികപരിശീലന കേന്ദ്രങ്ങള്‍ എന്ന പദവി കൈവരിക്കും. സംസ്ഥാനത്തെ 99 സര്‍ക്കാര്‍ ഐടിഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.എല്‍ദോ എബ്രഹാം എംഎല്‍എ യുടെ അധ്യക്ഷതയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍, എംപ്ലോയ്‌മെന്റ് ആന്റ്് ട്രെയിനിംഗ് ഡയറക്ടര്‍ എസ് ചന്ദ്രശേഖരന്‍്, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂര്‍, ഐടിഐ പ്രിന്‍സിപ്പാള്‍ ജി ഷൈന്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published.