ഐസക് സാറേ.. അതിബുദ്ധി വേണ്ട.. എന്റെ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് വേണ്ടിയല്ല; മാത്യു കുഴൽനാടൻ
വീണാ വിജയനുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് ആരോപണത്തിൽ സിപിഐഎം നേതാവ് തോമസ് ഐസക്കിന് മറുപടിയുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസപ്പടി വിവാദത്തിന് തിരശീല വീണെന്നുമുള്ള തോമസ് ഐസക്കിൻ്റെ പ്രതികരണത്തിനാണ് മാത്യു കുഴൽനാടൻ മറുപടി നൽകിയത്. ഐസക് സാറേ..അതിബുദ്ധി വേണ്ട.. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ എന്ന തലക്കെട്ടോടെയായിരുന്നു കുഴൽനാടൻ്റെ കുറിപ്പ്.
അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും. അപ്പോ വാദം ഇനിയും തുടരാമെന്നും മാത്യു കുഴൽനാടൻ ഫേസ്ബുക്കിൽ കുറിച്ചു.