‘ധീരജിനെ എസ്എഫ്ഐക്കാർ കൊന്നത് തന്നെ’, പരാമശത്തിൽ ഖേദപ്രകടനത്തിനില്ലെന്ന് സി പി മാത്യു
ഇടുക്കി: ധീരജ് കൊലപാതകവുമായി ബന്ധപ്പെട്ട് മുരിക്കാശ്ശേരിയിൽ നടത്തിയ പ്രസംഗത്തിൽ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. ഇക്കാര്യത്തിൽ ഖേദ പ്രകടനത്തിനില്ല. ധീരജിനെ കൊന്നത് എസ്എഫ്ഐക്കാരാണ്. എസ്എഫ്ഐക്കാർ കെഎസ്യു നേതാക്കളെ കുത്തുന്നതിനിടയിൽ അബദ്ധത്തിൽ ധീരജിന് കുത്തുകൊണ്ടതാണെന്ന് സി.പി.മാത്യു ആവർത്തിച്ചു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും ഇക്കാര്യം അറിയാം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇടതുസർക്കാർ കൂച്ചുവിലങ്ങിടുക ആയിരുന്നുവെന്നും മാത്യു ആരോപിച്ചു.
തന്റെ പ്രസംഗത്തിനെതിരെ ധീരജിന്റെ കുടുംബം പൊലീസിനെ സമീപിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും സി.പി.മാത്യു പറഞ്ഞു. എഞ്ചിനീയറിങ് കോളേജിൽ നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആണ് വേണ്ടത്. കോളേജിൽ ലഹരി മരുന്നുകൾ എസ്എഫ്ഐക്കാർ ഉപയോഗിച്ച് എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും സി.പി.മാത്യു വ്യക്തമാക്കി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ഉൾപ്പെടെയുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സി.പി.മാത്യു നേരത്തെ ആരോപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ്എഫ്ഐ നേതാക്കളായ വിഷ്ണു, ടോണി കുര്യാക്കോസ് എന്നിവരുടെ ഇടപെടൽ സംശകരമാണെന്നും സി.പി.മാത്യു ആരോപിച്ചിരുന്നു.