സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം; വീണാ ജോര്‍ജ്
സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികൾ ആ പ്രതീക്ഷയ്ക്ക് എതിരാണ്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധി സ്ത്രീ വിരുദ്ധമാണെന്നും വീണാ ജോർജ് പ്രതികരിച്ചു.
ഇതിനിടെ എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാതിക്രമ കേസിലെ കോടതി വിധി സ്ത്രീ വിരുദ്ധമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. പൗരന് നീതി നൽകേണ്ട കോടതിയുടെ നിലപാട് നിരാശാജനകമാണ്. ഇത്തരത്തിലുള്ള കോടതി ഉത്തരവുകൾ തിരുത്തപ്പെടേണ്ടതും, ചർച്ച ചെയ്യേണ്ടതുമാണ്.
ദളിത് പെൺകുട്ടികൾ നാളെ മുതൽ നെറ്റിയിൽ തങ്ങളുടെ ജാതി എഴുതി ഒട്ടിച്ചു നടക്കണമെന്നാണോ വിധിയുടെ സാരംശം എന്നും ഷാഹിദ കമാൽ കട്ടപ്പനയിൽ പറഞ്ഞു.
അതേസമയം സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ നിരീക്ഷണങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മിഷനും രംഗത്തെത്തിയിരുന്നു. ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ധ്യക്ഷ രേഖ ശർമ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷയുടെ വിമർശനം.
കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പരാതിക്കാരിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ള ഈ ഉത്തരവ് വിവാദമാവുകയും ചെയ്തു. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ഇതിൽ ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നത്. ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354-എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.