സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 53 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. തുടർച്ചയായ ഏഴാം ദിവസമാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 84 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതര സംസ്ഥാനത്ത് നിന്നും വന്ന 33 പേർക്കും രോഗം സ്ഥിരീകരിച്ചു.
സമ്പർക്കത്തിലൂടെ 6 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായവുടെ ജില്ല തിരിച്ചുള്ള കണക്കുകൾ നോക്കിയാൽ, പാലക്കാട് ജില്ലയിൽ മാത്രം 24 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശ്ശൂർ 10, കണ്ണൂർ 9, കോഴിക്കോട് 7, മലപ്പുറം 6, കാസർകോട് 4, ഇടുക്കി 2, തിരുവനന്തപുരം, കോട്ടയം, വയനാട് ജില്ലകളിൽ രണ്ട് പേർക്ക് വീതവുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് 53 പേർ രോഗമുക്തി നേടി. ഇതിൽ 9 പേർ പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ്. ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശ്ശൂർ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂർ 1, കാസർകോട് 8 പേരുമാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനകം 5240 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 3726 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1761 പേർ ചികിത്സയിൽ കഴിയുന്നു. 159616 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2349 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 344 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 156401 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. പരിശോധനകളുടെ എണ്ണം പടിപടിയായി വർധിപ്പിക്കും. ജൂലൈയിൽ ദിനംപ്രതി 15,000 ടെസ്റ്റുകൾ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്.