Saturday, October 19, 2024
Kerala

മാറ്റിവെക്കാൻ പറഞ്ഞപ്പോൾ കേട്ടില്ല,കീം പരീക്ഷക്കെത്തിയ രക്ഷിതാക്കൾക്കെതിരെ കേസെടുക്കരുത്; ശശി തരൂർ

തിരുവനന്തപുരം: കീം പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍ രംഗത്ത്. കൊവിഡ് പശ്ചാത്തലത്തില്‍ കീം പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വിവേകമില്ലാതെ മുന്നോട്ട് പോയി. പരീക്ഷയില്‍ പങ്കെടുത്ത നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് പോസിറ്റീവായെന്നും ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഒഴിവാക്കാവുന്ന ഒരു പരീക്ഷയില്‍ പങ്കെടുക്കാനാണ്് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചത്. ഇവര്‍ക്കെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയെ അവലപനീയമാണെന്ന് ശശി തരൂര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ കേന്ദ്രങ്ങള്‍ അനുവദിക്കാതെയാണ് സര്‍ക്കാര്‍ പരീക്ഷ നടത്തിയത്. സ്വന്തം കഴിവില്ലായ്മ മറക്കാനാണ് സര്‍ക്കാര്‍ പൗരന്മാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസലുകള്‍ പിന്‍വലിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

കീം പരീക്ഷ നടക്കുമ്പോള്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയ രക്ഷിതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം നഗരത്തില്‍ 600 ഓളം രക്ഷിതാക്കള്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിനിടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുമ്പോള്‍ രക്ഷിതാക്കള്‍ കൂട്ടം കൂടി നിന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി സ്വീകരിക്കുന്നത്. പരീക്ഷ നടന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിന്ന രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് പോലീസ് കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത്.
തിരുവനന്തപുരത്ത് കീം പരീക്ഷ നടന്ന കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ 300 ലധികം പേരും സെന്റ് മേരീസ് സ്‌കൂളിലും ഇത്തരത്തില്‍ രക്ഷിതാക്കള്‍ കൂട്ടം കൂടി നിന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് കണ്ടാലറിയാവുന്ന 600 ഓളം പേര്‍ക്കെതിരെ ജില്ലയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. കൊറോണ വൈറസ് വ്യാപന ഭീഷണി രൂക്ഷമായിരിക്കെ സാമൂഹിക അകലം പാലിക്കാതെ കൂട്ടംകൂടിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പ്. കേരളത്തില്‍ പരീക്ഷയെഴുതിയ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാലുപേരും തിരുവനന്തപുരം ജില്ലയില്‍ പരീക്ഷയ്ക്കിരുന്നവരാണ്. കോഴിക്കോട് പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published.