ഫൈനൽ സെമസ്റ്റർ ഒഴികെയുളള പരീക്ഷകൾ സാങ്കേതിക സർവകലാശാല റദ്ദാക്കി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫൈനൽ സെമസ്റ്റർ ഒഴികെയുളള പരീക്ഷകൾ സാങ്കേതിക സർവകലാശാല റദ്ദാക്കി. ഫൈനൽ ഒഴികെയുളള പരീക്ഷകൾക്ക് മുൻ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാർക്ക് നൽകും. പൊതു മോഡറേഷനായി അഞ്ചു ശതമാനം മാർക്ക് നൽകാനും സർവകലാശാല തീരുമാനിച്ചു.
അവസാന സെമസ്റ്റർ പരീക്ഷാ രീതിയിലും മാറ്റം വരുത്തി. ഓൺലൈനായി നടത്താനാണ് സാങ്കേതിക സർവകലാശാല തീരുമാനിച്ചത്. വീട്ടിൽ ഇരുന്ന് പരീക്ഷ എഴുതാനുളള സൗകര്യം ഏർപ്പെടുത്തുമെന്ന് സർവകലാശാല അറിയിച്ചു. ഫൈനൽ സെമസ്റ്റർ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ ഒന്നുമുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സർവ്വകലാശാല മാറ്റിവച്ചിരുന്നു. എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഫൈനൽ ഒഴികെയുളള മറ്റ് പരീക്ഷകൾ റദ്ദാക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത്.