‘കേസ് നിയമപരമായി തന്നെ നേരിടും’; വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് കേസിൽ നിലപടിലുറച്ച് മുൻ എസ്എഫ്‌ഐ നേതാവ് കെ വിദ്യ. മാധ്യമങ്ങൾ ആവശ്യത്തിലധികം ആഘോഷിച്ച കേസാണിത്. കേസ് നിയമപരമായി തന്നെ നേരിടും. ഏതറ്റം വരേയും പോരാടുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിദ്യ. വൈദ്യപരിശോധന പൂർത്തിയാക്കിയ കെ വിദ്യയെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
നേരത്തെ രാഷ്ട്രീയവൈരം മൂലം തന്നെ കരുവാക്കുകയായിരുന്നുവെന്ന് വിദ്യ ആരോപിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജസർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. മഹാരാജാസിൽ കൂടെ പഠിച്ചവരും കോൺഗ്രസിന്റെ അധ്യാപക സംഘടനാ നേതാക്കളും ചേർന്നാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. കുറ്റം ചെയ്തത് കൊണ്ടല്ല ഒളിവിൽ പോയത്. അഭിഭാഷകന്റെ നിർദ്ദേശപ്രകാരമാണ് ഒളിവിൽ പോയതെന്നും വിദ്യ പറയുന്നു.
അതേസമയം താൻ വ്യാജരേഖ സമർപ്പിച്ചിട്ടില്ലെന്ന് മൊഴി നൽകിയ വിദ്യ, പക്ഷേ ബയോഡേറ്റ തയ്യാറാക്കിയത് താൻ തന്നെയാണെന്ന് സമ്മതിച്ചിരുന്നു. ഈ ബയോഡേറ്റയിൽ മഹാരാജാസിലെ പ്രവൃത്തി പരിചയം അവകാശപ്പെടുന്നുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡേറ്റയാണ് വിദ്യ അട്ടപ്പാടി ഗവ.കോളജിൽ സമർപ്പിച്ചതെന്നും വിദ്യ ആദ്യഘട്ട ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകിയിരുന്നു.