Saturday, October 19, 2024
Kerala

പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി

പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് വിചാരണ ചെയ്യാന്‍ അനുമതി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡി വിചാരണയ്ക്ക് അനുമതി നല്‍കിയത്. കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഷാരോണ്‍ കൊല്ലപ്പെടുന്നത്.

ഷാരോണ്‍വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വച്ച് തന്നെ വിചാരണ നടത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യമാണ് കോടതി അനുവദിച്ചത്. വിചാരണയ്ക്ക് മുമ്പ് ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നഷ്ടപ്പെടാനും ഇടയുണ്ടെന്ന വാദമാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശരിവച്ചത്. പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രതിഭാഗം അഭിഭാഷകന്‍ അപേക്ഷ പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ കസ്റ്റഡി വിചാരണ ഹര്‍ജി തീര്‍പ്പായ ശേഷം ജാമ്യാപേക്ഷ നല്‍കാന്‍ അനുവദിക്കണെമന്ന വാദം കോടതി അംഗീകരിച്ചു. 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. കൊലപാതകത്തില്‍ പങ്കുള്ള ഗ്രീഷ്മയുടെ അമ്മാവനും അമ്മയും കൂട്ടുപ്രതികളാണ്. കേസില്‍ വാദിഭാഗത്തിനായി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ വി.എസ്. വിനീത് കുമാറാണ് ഹാജരായത്.

Leave a Reply

Your email address will not be published.