നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. അന്തിമ പോരാട്ട ചിത്രം ഇന്ന് തെളിയും
സമയപരിധി കഴിയുന്ന ഇന്ന് വൈകുന്നേരത്തോടെ നിയമസഭതെരഞ്ഞെടുപ്പിന്റെ അന്തിമപോരാട്ടചിത്രം വ്യക്തമാകും. പിൻവലിക്കൽ സമയം അവസാനിച്ചാലുടൻ സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. മുന്നണികളുടെ സ്വതന്ത്രർക്കും മറ്റ് സ്വതന്ത്രർക്കും ഇന്ന് ചിഹ്നം ലഭിക്കും.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാർഥികൾ. 140 മണ്ഡലങ്ങളിലായി 2180 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയിൽ 1119 നാമനിർദേശ പത്രികകൾ തള്ളി. തലശേരി, ഗുരുവായൂർ, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ പത്രികയും തള്ളിയിരുന്നു. പത്രിക തള്ളിയതിനെതിരെ നൽകിയ കേസിൽ തിങ്കളാഴ്ചത്തെ കോടതിവിധി നിർണായകമാകും.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 129 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കുറച്ചു സ്ഥാനാർഥികൾ മത്സരിക്കുന്നത് വയനാട് ജില്ലയിലാണ്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 20 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്