കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ തെരുവുനായ ആക്രമണം
കോട്ടയം പനച്ചിക്കാട് തെരുവുനായ ആക്രമണം. തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. മുഖത്ത് കടിയേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനച്ചിക്കാട് സ്വദേശിയായ ലളിത എന്ന സ്ത്രീയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ 11 മണിയോടെ തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ലളിതയ്ക്ക് കടിയേറ്റത്. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന് പിന്നാലെ ഇത്തരം സംഭവം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പഞ്ചായത്തിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നും പരിശോധിക്കും.