കൊച്ചിയില്‍ കേബിള്‍ കുരുങ്ങി വീണ്ടും അപകടം; പരുക്കേറ്റത് 11 വയസുകാരന്
കൊച്ചിയില്‍ കേബിളില്‍ കുരുങ്ങി വീണ്ടും അപകടം. മുണ്ടന്‍വേലിയില്‍ സൈക്കിളില്‍ പാല്‍ വാങ്ങാന്‍ പോയ 11 വയസുകാരന്റെ ദേഹത്ത് കേബിള്‍ കുരുങ്ങി അപകടമുണ്ടായി. കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹനയാത്രികര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ കൊച്ചിയില്‍ പതിവാകുകയാണ്.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. കേബിള്‍ കുരുങ്ങിയതോടെ കുട്ടി സൈക്കിളില്‍ നിന്ന് വീണ് പരുക്കേറ്റെന്നാണ് വിവരം. ജോസഫ് ബൈജുവിന്റെ മകന്‍ സിയാന്‍ ജോസഫിനാണ് പരുക്കേറ്റത്. തേവര സേക്രട്ട് ഹാര്‍ട്ട് സിഎംഐ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സിയാന്‍ ജോസഫ്.
കൊച്ചിയില്‍ ഇന്ന് രാവിലെ ഒരു അഭിഭാഷകനും കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ടിരുന്നു.ബൈക്ക് യാത്രികനായ അഡ്വക്കേറ്റ് കുര്യനാണ് അപകടത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ എം ജി റോഡിലായിരുന്നു അപകടം ഉണ്ടായത്. പരുക്കേറ്റ കുര്യനെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന് കഴുത്തില്‍ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്.
അതേസമയം കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് റോഡരികിലെ കേബിളുകള്‍ നീക്കം ചെയ്യുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസ്സോസിയേഷന്‍ വ്യക്തമാക്കിയിരുന്നു . സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വര്‍ക്ക് പരിധിക്ക് ഉള്ളില്‍ അപകടരമായ രീതിയിലുള്ള കേബിളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനും അവ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയെന്ന് സംഘടന അറിയിച്ചു.