‘നടപടി റദ്ദാക്കണം’; സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയ സംഭവത്തിൽ ഹൈക്കോടതിയില്‍ ഹര്‍ജി
കേരള സർവകലാശാലാ സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയവർ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പുറത്താക്കൽ നടപടി നിയമവിരുദ്ധമെന്നും നടപടി റദ്ദാക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി കോടതി പരിഗണിക്കും.
ഇതിനിടെ സെനറ്റിൽ നിന്ന് ഗവർണർ നീക്കം ചെയ്തെന്ന ഔദ്യോഗിക അറിയിപ്പ് പുറത്താക്കിയവര്‍ക്ക് രജിസ്ട്രാർ നൽകി . രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പടെ 15 പേർക്കാണ് നോട്ടിസ് അയച്ചത്. അടുത്തമാസം 4 നും 19 നും വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ 15 പേർക്കും അയച്ച ക്ഷണക്കത്ത് ഗസറ്റ് വിജ്ഞാപനത്തെ തുടർന്ന് പിൻവലിച്ചതായി കണക്കാക്കപ്പെടും.
ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസിലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരും രണ്ട് പേർ സിന്റിക്കേറ്റ് അംഗങ്ങളും പിൻവലിക്കപ്പെട്ടവരിൽ ഉൾപ്പെടും.
അതേസമയം ഗവർണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി. ഇതിന് പിന്നാലെ, ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.