ജാഥകൾ, കൊട്ടിക്കലാശം എന്നിവ പാടില്ല, കൊവിഡ് മാനദണ്ഡം പാലിക്കണം: തദ്ദേശ തെരഞ്ഞെടുപ്പിന് കമ്മീഷന്റെ നിർദേശം
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജാഥകളും കൊട്ടിക്കലാശവും ഒഴിവാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ ആകാം. പത്രിക സമർപ്പണ സമയത്ത് മൂന്ന് പേരെയും ഭവന സന്ദർശന സമയത്ത് അഞ്ച് പേരെയും അനുവദിക്കും
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതൽ വോട്ടെണ്ണൽ വരെ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ കൂടുതലായി ഉപയോഗിക്കണം. സ്ഥാനാർഥികൾക്ക് മാല, നോട്ടുമാല, ബൊക്ക, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണം പാടില്ല.
പോളിംഗ് സ്‌റ്റേഷനുകളിൽ വെള്ളം, സോപ്പ്, സാനിറ്റൈസർ നിർബന്ധമായും കരുതണം. ബൂത്ത് ഏജന്റുമാർ പത്തിൽ കൂടാൻ പാടില്ല. പോളിംഗ് സ്‌റ്റേഷന്റെ ദൂരപരിധിക്ക് പുറത്തുള്ള സ്ലിപ് വിതരണത്തിന് രണ്ട് പേർ മാത്രം.