Wednesday, January 8, 2025
Kerala

വിമാനത്തിലെ പ്രതിഷേധം; കെ. സുധാകരനും വി.ഡി. സതീശനുമെതിരെ പൊലീസ് പ്രാഥമിക പരിശോധന നടത്തും

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരായി ഡി.വൈ.എഫ്.ഐ നൽകിയ പരാതിയിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തും. ഡി.ജി.പിക്ക് ലഭിച്ച പരാതി പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്.പിക്ക് കൈമാറിയിരിക്കുകയാണ്. കേസെടുക്കണമോയെന്ന് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കുകയാണ്. വിമാനത്തിലെ പ്രതിഷേധത്തിലെ ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ പരാതി. 

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ മുതിർന്ന സിപിഐഎം നേതാവ് ഇ.പി. ജയരാജനെതിരെ കേസെടുത്തെങ്കിലും വിമാനസുരക്ഷാനിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടില്ല. സമാന കേസിൽ പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും കെ.എസ്. ശബരിനാഥനും എതിരെ എയർക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരുന്നു. കോടതി നിർദ്ദേശപ്രകാരം എടുത്ത കേസായതിനാൽ അപ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് പൊലീസ് വിശദീകരണം.

യൂത്ത് കോൺഗ്രസ് പല തവണ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ്, കോടതി നിർദേശത്തോടെയാണ് ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ ഗൺമാനും, പേഴ്സണൽ സ്റ്റാഫിനുമെതിരെ കേസെടുത്തത്. വധശ്രമവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പ്രതിഷേധക്കാർക്കെതിരെ ചുമത്തിയ എയർക്രാഫ്റ്റ് ആക്റ്റ് പ്രകാരമുള്ള കുറ്റം ഒഴിവാക്കി. പ്രതിഷേധം നടന്ന വിമാനത്തിൽ കയറിയിട്ടില്ലാത്ത ശബരിനാഥനെതിരെ പോലും വിമാന സുരക്ഷാ നിയമ പ്രകാരമുള്ള രണ്ട് വകുപ്പുകൾ ചുമത്തിയിരുന്നു. അപ്പോഴാണ് വിമാനത്തിനുള്ളിലെ പ്രതിഷേധത്തെ നേരിട്ട മൂന്ന് പേരെ എയർക്രാഫ്റ്റ് ആക്റ്റിൽ നിന്ന് ഒഴിവാക്കിയത്.

കോടതി നിർദേശ പ്രകാരം എടുത്ത കേസായതിനാൽ എഫ്.ഐ.ആറിൽ കോടതി നിർദേശിച്ചിരിക്കുന്ന വകുപ്പുകൾ മാത്രമേ ചുമത്താനാവൂവെന്നാണ് പൊലീസ് വിശദീകരണം. ഐപിസി307, 308, 120(B), 506 എന്നീ വകുപ്പുകളാണ് പരാതിക്കാരുടെ ഹർജിയിലും കോടതി ഉത്തരവിലും ഉണ്ടായിരുന്നതെന്നും അവ കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നും വലിയതുറ പൊലീസ് വിശദീകരിക്കുന്നു.

പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും പറയുന്നുണ്ട്. എന്നാൽ പരാതിക്കാർ നൽകിയ ഹർജിയിൽ വകുപ്പ് പ്രത്യേകം പറഞ്ഞിട്ടില്ലങ്കിലും വിമാനയാത്രാനിയമപ്രകാരമുള്ള കുറ്റം ചെയ്തതായി ആരോപിച്ചിരുന്നു. കേസെടുത്തെങ്കിലും വേഗത്തിൽ ഇ.പി. ജയരാജൻ്റെയോ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെയൊ അറസ്റ്റിലേക്ക് കടക്കാൻ സാധ്യതയില്ല. പരാതിക്കാരുടെ വിശദ മൊഴിയെടുത്ത ശേഷം തുടർനടപടിയെന്നാണ് പൊലീസ് നിലപാട്. ശംഖുമുഖം എ.സി.പിയുടെ നേതൃത്വത്തിലെ സംഘം തന്നെയാണ് പുതിയ കേസും അന്വേഷിക്കുന്നത്. അറസ്റ്റ് വൈകിയാൽ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *