ധീരജിനെ കുത്തിക്കൊന്ന സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് ജെറിനെയും അറസ്റ്റ് ചെയ്യും
ഇടുക്കിയിൽ എൻജിനീയറിംഗ് വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന ജെറിൻ ജോജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റാണ് ജെറിൻ ജോജോ. കൊലപാതകത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു
കേസിൽ ആറ് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറ് പേരും കെ എസ് യു പ്രവർത്തകരാണ്. നിഖിൽ പൈലിയെ ബസിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കരിമണലിൽ നിന്നാണ് പോലീസ് പിടികൂടിയത്. ധീരജിനെ കോൺഗ്രസുകാർ ആസൂത്രിതമായി കൊലപ്പെടുത്തിയതാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് ധീരജിനെ യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ കുത്തക്കൊന്നത്. ഇതിന് മുമ്പായി ക്യാമ്പസിൽ സംഘർഷമുണ്ടായിരുന്നു. കണ്ണൂർ തളിപ്പറമ്പ സ്വദേശിയാണ് ധീരജ്