കുറ്റിപ്പുറം കൊലക്കേസിൽ നടുക്കം മാറാതെ നാട്ടുകാർ; കൊന്നത് അയൽവാസി
കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ അയല്‍വാസി പിടിയിലായി. നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിലെ പ്രതിയെയാണ് പിടികൂടിയത്. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്.
ഷാഫി വിദേശത്ത് ജോലി ചെയ്തിരുന്നയാളായിരുന്നു. രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭർത്താവ് ഉപേക്ഷിച്ച വയോധിക ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ പ്രതി വ്യക്തമാക്കിയിട്ടില്ല. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച് കമ്പിയും കരിങ്കല്ലും കണ്ടെടുത്തിട്ടുണ്ട്.
വീട്ടിൽ തനിച്ചുതാമസിക്കുന്ന കുഞ്ഞിപ്പാത്തുമ്മയെ വെള്ളിയാഴ്ച രാവിലെയാണ് വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരെ രാവിലെ ഏറെനേരമായിട്ടും പുറത്തുകാണാത്തതിനെത്തുടർന്ന് അയൽവാസികൾ വന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്. കേസിൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.