Saturday, January 4, 2025
Kerala

കാട്ടാക്കട കോളേജ് എസ്എഫ്ഐ ആൾമാറാട്ടം: കോൺഗ്രസ്- സിപിഎം കൂട്ടുകെട്ടെന്ന് കെ.സുരേന്ദ്രൻ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ പൊലീസ് കേസെടുക്കാത്തത് നിയമലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയും വ്യക്തമാക്കി. എസ്എഫ്ഐ നേതാവിന്റെ ആൾമാറാട്ടത്തിന് കൂട്ടുനിന്നത് കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയുടെ ജില്ലാ നേതാവായ പ്രിൻസിപ്പാലാണ്. ഇതിൽ നിന്നും സംഭവത്തിലെ കോൺഗ്രസ്- സിപിഎം ബന്ധം വ്യക്തമാണ്. ഇരുകൂട്ടരും സ്ഥിരമായി ചെയ്തുവരുന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

പ്രഥമദൃഷ്ട്യാ കേസെടുക്കേണ്ട സംഭവത്തിൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറാവാത്തത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണ്. ആൾമാറാട്ടം, വിശ്വാസവഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയിൽ ഇതുവരെ കേസെടുക്കാൻ പൊലീസ് തയ്യാറാവാത്തത് നിയമവിരുദ്ധമാണ്. അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും കാട്ടാക്കട പൊലീസിനും കേരള സർവകലാശാല രജിസ്ട്രാർ പരാതി നൽകിയിട്ടുണ്ട് എന്ന് സുരേന്ദ്രൻ പറഞ്ഞു.

യുയുസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് സർവകലാശാലയ്ക്ക് നൽകിയിരിക്കുന്നതെന്നും ഇത് കോളേജിന്റെയും സർവകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടമുണ്ടാക്കിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എബിവിപിയും പൊലീസിന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ഉന്നതതല ഗൂഢാലോചന ഉള്ളതുകൊണ്ടാണ് പൊലീസ് നിഷ്ക്രിയത്വം കാണിക്കുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഭാഗത്ത് നിന്നും പ്രതിക്ക് വേണ്ടി സമ്മർദ്ദം ഉയരുന്നുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടെ കാട്ടാക്കട ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഷൈജുവിന്റെ താത്കാലിക പ്രിൻസിപ്പൽ പദവി പിൻവലിച്ചതായി കേരള സർവകലാശാല വി സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ പ്രിൻസിപ്പൽ ചെയ്ത പ്രവർത്തികൾ സർവകലാശാലക്ക് അപമാനമായെന്ന് വ്യക്തമാക്കി വി സി അധ്യപകവൃത്തിയിൽ നിന്നും ഷൈജുവിനെ സസ്‌പെന്റ് ചെയ്യാൻ നിർദ്ദേശം നൽകിയാതായി അറിയിച്ചു. അധ്യപകൻ്റെ പ്രവർത്തി കാരണം ഉണ്ടായ നഷ്ടം ഈടാക്കും. വിശാഖിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വി സി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *