Thursday, January 9, 2025
Kerala

തെളിവ് കണ്ടെത്തുന്നതില്‍ നിന്നും വഴി തെറ്റിക്കാന്‍ ശ്രമിച്ചത് പലതവണ; സുബീറ കൊലപാതകത്തിൽ പ്രതിയെ കെണിയിലാക്കിയത് ഇങ്ങനെ

 

വളാഞ്ചേരി: 21കാരിയായ സുബീറ ഫര്‍ഹത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അന്‍വര്‍ പൊലീസിനെ തെളിവ് കണ്ടെത്തുന്നതില്‍ നിന്നും വഴി തെറ്റിക്കാന്‍ ശ്രമിച്ചത് പലതവണ. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ടു മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയ്ക്കായി തിരച്ചില്‍ നടത്താനും അന്‍വര്‍ മുന്നിട്ടിറങ്ങിയിരുന്നു. എന്നാല്‍ ക്വാറിയിലെ ചിലയിടങ്ങളില്‍ കൂടിക്കിടന്ന മണ്ണ് മാറ്റാനുള്ള പൊലീസിന്റെ ശ്രമത്തെ എതിര്‍ത്തതാണ് അന്‍വറിനെ കുടുക്കിയത്.

പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ നേരത്തെ തന്നെയുള്ളതും സംശയത്തിന് കാരണമായി. തിരൂര്‍ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. തെളിവെടുപ്പ് ഉടന്‍ പൂര്‍ത്തിയാകും. ഇന്നലെ വൈകിട്ടാണ് സുബീറയുടെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന് പ്രതി അൻവർ സമ്മതിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ മോഷ്‌ടിക്കാനാണ് കൊലപാതകമെന്ന് പ്രതി പറയുന്നുണ്ടെങ്കിലും പെണ്‍കുട്ടി കാര്യമായി ആഭരണങ്ങളൊന്നും ധരിക്കാറില്ലെന്നാണ് വിവരം. പ്രതി സാമ്ബത്തിക ശേഷിയുള്ളയാളാണ്. ലൈംഗിക പീ‌ഡനം സംശയിക്കുന്നുണ്ട്. പ്രതിക്ക് സ്വഭാവദൂഷ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു.

എന്നാൽ ഒരുവര്‍ഷം മുമ്പ് വിവാഹമോചിതയായ സുബീറ വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കില്‍ സഹായി ആയിരുന്നു. മാര്‍ച്ച്‌ 10ന് രാവിലെ വീട്ടില്‍ നിന്ന് ക്ലിനിക്കിലേക്ക് പോയെങ്കിലും അവിടെ എത്തിയില്ല. ഫോണിലും കിട്ടുന്നില്ലെന്ന് ഡോക്ടര്‍ വിളിച്ച്‌ പറഞ്ഞതോടെയാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് ഫോണ്‍ ഓഫായി. പരിസരങ്ങളിലെ സി സി ടിവി ദൃശ്യങ്ങളും​ സുബീറയുടെ ഫോണ്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതിനിടെ അന്‍വര്‍ തന്റെ സ്ഥലത്ത് കൂട്ടിയിട്ടിരുന്ന ചെങ്കല്‍ ക്വാറിയിലെ മണ്ണ് ജെ.സി.ബി ഉപയോഗിച്ച്‌ നിരപ്പാക്കിയിരുന്നു. ഇത് നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഇന്നലെ രാവിലെ പൊലീസ് മണ്ണ് നീക്കുന്നതിനിടയിലാണ് വസ്ത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടത്. മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *