Wednesday, January 8, 2025
Kerala

എനിക്ക് പിന്‍ഗാമികള്‍ വി എസും ഇ എം എസും, നടുത്തളത്തിലിറങ്ങി അവരും പ്രതിഷേധിച്ചിട്ടുണ്ട്: വി ഡി സതീശന്‍

ആദ്യമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തിലിരുന്ന് പ്രതിഷേധിക്കുന്നതെന്ന് ക്രമപ്രശ്‌നം ഉന്നയിച്ചുകൊണ്ട് മന്ത്രി എം ബി രാജേഷ് പറഞ്ഞത് വാസ്തവവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1974 ഒക്ടോബര്‍ 21നാണ് ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം കേരള നിയമസഭയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ നേതൃത്വം നല്‍കുന്ന പ്രതിപക്ഷനേതാവ് മോശം പ്രതിപക്ഷനേതാവാണെന്ന് പറയുന്നവര്‍ ചരിത്രം മറിച്ച് നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1975 ഫെബ്രുവരി 25ന് രാത്രി മുഴുവന്‍ പ്രതിപക്ഷ അംഗങ്ങളും നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിച്ച ചരിത്രവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 2011ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലും ഇത്തരം പ്രതിഷേധമുണ്ടായിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് നടുത്തളത്തിലിരുന്ന് ഒരു പ്രതിപക്ഷനേതാവ് സഭയെ അവഹേളിച്ചതെന്ന പ്രസ്താവനകള്‍ സ്പീക്കറും മന്ത്രിമാരും പിന്‍വലിക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം നടുത്തളത്തില്‍ അസാധാരണ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ സഭാ നടപടികള്‍ വെട്ടിച്ചുരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചതോടെയാണ് സഭ പിരിഞ്ഞത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും ഈ നോട്ടീസും സഭയില്‍ ഒഴിവാക്കപ്പെട്ടു. സഭയില്‍ ഇന്ന് ചോദ്യോത്തര വേളയും റദ്ദ് ചെയ്തു.

ഈ മാസം 30 വരെയാണ് സഭാ സമ്മേളനം തീരുമാനിച്ചിരുന്നത്. ബില്ലുകള്‍ ചര്‍ച്ചയില്ലാതെയാകും പാസാക്കുക. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ നടപടിക്രമങ്ങളും ഇന്ന് തന്നെ പൂര്‍ത്തിയാക്കി സഭ പിരിയണമെന്നാണ് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ധനാഭ്യര്‍ത്ഥന ബില്ലുകളും ബജറ്റ് ചര്‍ച്ചകളും അതിവേഗം പാസാക്കിയാണ് ഇന്ന് തന്നെ സഭ പിരിയുന്നത്. സഭാ നടപടികള്‍ വരും ദിവസങ്ങളിലും സുഗമമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധനബില്ലുകള്‍ ഗില്ലറ്റിന്‍ ചെയ്തത്.

പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോട് രൂക്ഷമായ ഭാഷയിലാണ് സ്പീക്കര്‍ പ്രതികരിച്ചത്. പൂച്ചയ്ക്ക് ആര് മണി കെട്ടുമെന്ന ചോദ്യത്തിന് പൂച്ചയ്ക്ക് മണി കെട്ടാന്‍ ചെയര്‍ തയാറാണെന്നായിരുന്നു സ്പീക്കറുടെ മറുപടി. സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരാണ് അനിശ്ചിതകാല സത്യഗ്രഹം നടത്തിയത്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്. അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, ഉമാ തോമസ്, എകെഎം അഷ്‌റഫ്, കുറുക്കോളി മൊയ്തീന്‍ എന്നീ എംഎല്‍എമാരാണ് നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *