നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിപക്ഷ എംഎല്‍എമാര്‍; സഭയില്‍ ഇന്ന് അസാധാരണ സംഭവ വികാസങ്ങള്‍
സ്പീക്കറുടെ റൂളിംഗ് അവഗണിച്ച് നിയമസഭയില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. നടുത്തളത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. ഇത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷം ഇതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറുന്നത്.
അന്‍വര്‍ സാദത്ത്, ടി ജെ വിനോദ്, ഉമാ തോമസ്, എകെഎം അഷ്‌റഫ്, കുറുക്കോളി മൊയ്തീന്‍ എന്നീ എംഎല്‍എമാരാണ് നടുത്തളത്തില്‍ സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാല്‍ സഭാ ടിവി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന് ധിക്കാരമാണെന്നും സഭാ നടപടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
സ്പീക്കറെ പ്രതിപക്ഷം അവഹേളിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ റൂളിങിനെ വെല്ലുവിളിക്കുകയാണ്. സമാന്തര സഭ എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മന്ത്രി കെ രാജനും ആരോപിച്ചു. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞു.