വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും
വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണവും. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടർന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കേസിൽ ഇഡി പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്.
ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻറ് ബാങ്ക് സ്വന്തമാക്കിയെന്ന് നേരത്തെ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇഡി നീക്കം. ഫാരിസിന്റെ ഭൂമിയിടപാടുകൾക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഫാരിസ് രജിസ്റ്റർ ചെയ്ത കമ്പനികളെ സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും.
ഇന്നലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. തണ്ണീർ തടങ്ങൾ ഉൾപ്പെടെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വൻകിടക്കാർക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകൾ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകൾ നടത്തിയത് വഴി വൻ തോതിൽ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.