നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ കോടതിയിലെത്തി
നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യർ ഇന്ന് കോടതിയിൽ ഹാജരായി. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് മഞ്ജു വാര്യർ ഹാജരായത്. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ രേഖകൾ മഞ്ജു വാര്യരെ കേൾപ്പിക്കും. ദിലീപിന്റെ സഹോദരൻ അനൂപ് ഉൾപ്പെടെ ഉള്ളവരുടെ ശബ്ദങ്ങൾ മഞ്ജു തിരിച്ചറിയുമോ എന്നാണ് പരിശോധിക്കുന്നത്.
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയാൻ ദിലീപ് അപേക്ഷ നൽകിയിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ നിരത്തിയ കാരണങ്ങൾ വ്യാജമാണെന്നാണ് ദിലീപ് സുപ്രിം കോടതിയെ അറിയിച്ചത്. വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണ്. ഈ ഘട്ടത്തിൽ തന്നോട് വിരോധമുള്ള മഞ്ജു വാര്യരെ ഉപയോഗിച്ച് തെറ്റായ രീതിയിൽ അസത്യം പ്രസ്താവിപ്പിക്കുകയാണ് ലക്ഷ്യമെന്നും ദിലീപ് കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ ദിലീപിന് തിരിച്ചടിയായി മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രിംകോടതി പ്രോസിക്യൂഷന് അനുമതി നൽകുകയായിരുന്നു.