Wednesday, January 8, 2025
Kerala

ആലപ്പുഴയിലെ കൊലപാതകങ്ങൾ: ഇന്ന് സർവകക്ഷി യോഗം ചേരും; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

 

ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. കസ്റ്റഡിയിലുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് വാഹനം നൽകുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രണ്ട് പേർ നൽകിയ മൊഴി

കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഒമ്പതരയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിൽ എത്തുന്നുണ്ട്. വിഷയം ദേശീയതലത്തിൽ ചർച്ചയാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്രസഹമന്ത്രിയുടെ സന്ദർശനം. അതേസമയം ജില്ലാ കലക്ടർ വിളിച്ച സർവകക്ഷി യോഗവും ഇന്ന് നടക്കും

ഷാനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, കൊച്ചുകുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ് ഡി പി ഐ പ്രവർത്തകരും കസ്റ്റഡിയിലുണ്ട്. ഇവരുടെ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല

ശനിയാഴ്ച രാത്രിയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം വെട്ടിക്കൊല്ലുന്നത്. മണ്ണഞ്ചേരിയിൽ വെച്ചായിരുന്നു ആക്രമണം. മണിക്കൂറുകൾക്ക് പിന്നാലെ ഞായറാഴ്ച പുലർച്ചെ വെള്ളക്കിണറിൽ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസനെ ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *