നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
നഗരസഭ കത്ത് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്ക്ക് അകത്തും പുറത്തും നാളെ മുതൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകുന്നതും പ്രതിപക്ഷ ആലോചനയിൽ. അതേ സമയം ക്രൈംബ്രാഞ്ച് – വിജിലൻസ് അന്വേഷണങ്ങൾ ഇഴഞ്ഞ് നീങ്ങുകയാണ്.
കത്ത് വിവാദം ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം, സ്പെഷ്യൽ കൗൺസിൽ വിളിച്ചപ്പോൾ ചർച്ച തടസ്സപ്പെടുത്തുകയായിരുന്നുവെന്നാണ് ഭരണ സമിതിയുടെ പ്രചരണം. എന്നാൽ വീണ്ടും പ്രത്യേക കൗൺസിൽ ചേരണമെന്നാവശ്യപ്പെട്ട് കത്ത് നൽകുക വഴി ആ പ്രചരണം പൊളിക്കാനാണ് പ്രതിപക്ഷ തീരുമാനം. മാത്രമല്ല മേയറുടെ രാജി ആവശ്യപ്പെട്ട് നാളെ മുതൽ നഗരസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം കൂടുതൽ ശക്തമാക്കും. മുൻ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച്ച ചേരുന്ന സാധാരണ കൗൺസിൽ യോഗവും ഒരു പക്ഷെ പ്രക്ഷുബ്ദ്ധമായേക്കും. എന്നാൽ ഭൂരിപക്ഷം കൗൺസിലർമാരുടെയും പിന്തുണ ഉള്ളിടത്തോളം കാലം രാജിയുടെ ആവശ്യമേ ഉദിക്കുന്നില്ലെന്ന് മേയർ ആവർത്തിക്കുന്നു.
അതേ സമയം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇത് വരെ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടില്ല. കത്ത് വിവാദത്തിൽ FIR ഇടണോ എന്ന് ഡിജിപി പരിശോധിക്കുന്നത് പോലും ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്. വിജിലൻസ് അന്വേഷണവും ഇഴയുകയാണ്. നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി, കംപ്യുട്ടർ പരിശോധിച്ച്, സമയമെടുത്ത്
പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് വിജിലൻസ് തീരുമാനം. വിഷയം 25 ന് ഹൈകോടതി വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബെന്ധപ്പെട്ട സ്ഥിതി വിവര റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചേക്കും.