Monday, April 14, 2025
Kerala

(ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി

ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി വീണ്ടും മാറ്റി. ആറാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2017 മുതൽ കോടതിയിലുള്ള കേസാണിതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇനി കേസ് പരിഗണിക്കുക ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ്. കേസ് മാറ്റുന്നത് ഇത് മുപ്പത്തിമൂന്നാം തവണയാണ്.

സുപ്രിംകോടതിയിൽ 32 തവണ മാറ്റിവെച്ച കേസാണിത്. ഇന്ന് എട്ടാമത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലാണ് സി.ബി.ഐ സമർപ്പിച്ചത്.

കാനഡയിലെ എസ്.എന്‍.സി ലാവ്ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. പിണറായി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേസിൽ, വൈദ്യുതി ബോർഡ് മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എഞ്ചിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *