വിറകുപുരയിൽ വച്ച് പാമ്പുകടിയേറ്റ പാചകത്തൊഴിലാളി മരിച്ചു
ശ്രീകൃഷ്ണപുരം: വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂക്കിയിട്ട സഞ്ചിയിൽ കൈയിട്ടപ്പോൾ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ പാചകത്തൊഴിലാളി മരിച്ചു.
പുഞ്ചപ്പാടം എ.യു.പി. സ്കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാർഗവിയാണ് (69) മരിച്ചത്. മൂർഖനാണ് കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.പാമ്പിനെ പിടികൂടാനായില്ല.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാർഗവിക്ക് പാമ്പിന്റെ കടിയേറ്റത്. പശുവിന് നൽകാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാൻ പഴയ പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ കൈയിട്ടതായിരുന്നു ഭാർഗവി.
36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ്.സുബ്രഹ്മണ്യനാണ് ഭർത്താവ്. മക്കൾ: സുജിത, സുരേഷ്, സുഭാഷ്. മരുമക്കൾ: പ്രഭാകരൻ, ശ്രീലത, ഉമ. ശ്രീകൃഷ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തി.