കോൺഗ്രസ് തെരഞ്ഞെടുപ്പ്: ചർച്ചയ്ക്കായി രാഹുൽ ദില്ലിക്ക് , കെസി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ
തിരുവനന്തപുരം : ഭാരത് ജോഡോ യാത്രക്കിടെ സംഘടനാ ചുമതല ഉള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ദില്ലിക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി . അടിയന്തരമായി എത്താൻ നിർദേശിച്ചതിനെ തുടർന്ന് കെ സി വേണുഗോപാൽ രാവിലെ ദില്ലിക്ക് പോയി . രാഹുൽ ഗാന്ധി വെള്ളിയാഴ്ച ദില്ലിക്ക് പോയേക്കും . രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷൻ ആകണമെന്ന ആവശ്യം കൂടുതൽ പി സി സികൾ മുന്നോട്ട് വച്ചിട്ടുണ്ട്. ഭൂരിപക്ഷം നേതാക്കളുടേയും ആവശ്യവും ഇതാണ്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചകൾ മുറുകുന്നതിനിടെയാണ് സോണിയഗാന്ധിയുടെ നീക്കം . അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഏതാണ്ട് ഉറപ്പായ സാഹചര്യമാണ് ഇപ്പോൾ . ശശി തരൂരും അശോക് ഗെലോട്ടും മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി . ജി 23 നേതാക്കളുടെ ഭാഗത്ത് നിന്നാണ് തരൂരിനെ മത്സരിപ്പിക്കാൻ നീക്കം ഉണ്ടായത് . ഇതിന്റെ ഭാഗമായി ശശി തരൂർ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു . മത്സരം നടക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇന്ന് കോൺഗ്രസ് വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട് . നെഹ്റു കുടുംബത്തിന്റെ പിന്തുണയോടെ ആണ് രാജസ്ഥാൻ മുഖ്യമന്ത്രി കൂടിയായ അശോക് ഗെലോട്ട് മത്സരത്തിനിറങ്ങുന്നത്. എന്നാൽ താൻ മാറുന്ന പക്ഷം തന്റെ വിശ്വസ്തനെ തന്നെ മുഖ്യമന്ത്രി ആക്കണമെന്ന നിബന്ധന അശോക് ഗെലോട്ട് മുന്നോട്ട് വച്ചിട്ടുണ്ട്. അതേസമയം രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ തയാറാണെങ്കിൽ മറ്റാരും മത്സര രംഗത്ത് ഉണ്ടാകില്ല