Saturday, October 19, 2024
Kerala

കൂടത്തില്‍ ഉമാമന്ദിരത്തിലെ 5 ദുരൂഹ മരണങ്ങള്‍, കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍; നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം : കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ണായക വഴിത്തിരിവിലെന്ന് സൂചന. കൂടത്തില്‍ തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണം സംബന്ധിച്ച് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രന്‍ നായരുടെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ജയമാധവന്‍ നായരെ തലയ്ക്കു പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറും വില്‍പ്പത്രത്തില്‍ സാക്ഷി ഒപ്പിട്ട അയല്‍ക്കാരനും രവീന്ദ്രന്‍ നായര്‍ നല്‍കിയ മൊഴിക്കു വിരുദ്ധമായ മൊഴികളാണ് നല്‍കിയത്.

കരമന കൂടത്തില്‍ തറവാട്ടിലെ 5 ദുരൂഹ മരണങ്ങള്‍ സംബന്ധിച്ചാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവന്‍ നായര്‍ 2017 ഏപ്രില്‍ 2 നാണ് മരിച്ചത്. രാവിലെ ആറരയോടെ വീട്ടിലെത്തിയപ്പോള്‍ തറയില്‍ വീണുകിടക്കുന്ന നിലയിലാണ് ജയമാധവന്‍ നായരെ കണ്ടെതെന്നായിരുന്നു രവീന്ദ്രന്‍ നായരുടെ മൊഴി. ഉടന്‍ ഓട്ടോ വിളിച്ച് ആശുപത്രിയിലെത്തിച്ചെന്നും രവീന്ദ്രന്‍നായര്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ അന്വേഷണ സംഘത്തോടു ഇക്കാര്യം നിഷേധിച്ചു.

ജയമാധവന്‍ നായര്‍ മരിക്കുന്നതിന് മുന്‍പ് വീട്ടില്‍ വച്ച് വില്‍പ്പത്രം തയാറാക്കിയെന്നായിരുന്നു രവീന്ദ്രന്‍ നായരുടെ മറ്റൊരു വാദം. വില്‍പ്പത്രത്തില്‍ ഒപ്പിട്ട സാക്ഷി സ്വന്തം വീട്ടില്‍ വച്ചാണ് വില്‍പ്പത്രത്തില്‍ ഒപ്പിട്ടതെന്ന് വെളിപ്പെടുത്തിയതോടെ ഈ വാദവും കളവാണെന്ന് തെളിഞ്ഞതായി അന്വേഷണ സംഘം പറയുന്നു. രവീന്ദ്രന്‍ നായരുടെ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം വന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.