കാർഷികോൽപ്പന്നങ്ങൾക്ക് സംഭരണി; കേന്ദ്ര പദ്ധതി പ്രകാരം കേരളത്തിന് 4300 കോടി രൂപ
ന്യൂഡൽഹി: കാർഷികോല്പന്നങ്ങൾ സംഭരിച്ചുവെക്കാൻ രാജ്യവ്യാപകമായി വിവിധ ശാസ്ത്രീയ സംഭരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ ലോകസഭയിൽ രേഖാമൂലം മറുപടി പറഞ്ഞു. ഇത് സംബന്ധിച്ച ടി എൻ പ്രതാപൻ എം പിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കാർഷിക വിപണനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒട്ടാകെ 39416 സംഭരണ കേന്ദ്രങ്ങൾ ഉണ്ട്. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ. 11764 കേന്ദ്രങ്ങൾ ഗുജറാത്തിൽ മാത്രമുള്ളപ്പോൾ കേരളത്തിൽ ഇത് 206 കേന്ദ്രങ്ങളാണ്. 90511 മെട്രിക് ടൺ ഉൽപ്പന്നങ്ങളുടെ സംഭരണം കേരളത്തിൽ സാധ്യമാകുന്നുണ്ട്. 24480 മെട്രിക് ടൺ ഉൽപ്പന്നങ്ങൾ സംഭരിച്ചു വെക്കാൻ സാധിക്കുന്ന 11 സംഭരണ കേന്ദ്രങ്ങൾ വാർഹൗസ് അടിസ്ഥാന വികസന പദ്ധതിയുടെ ഭാഗമായി ഉണ്ട്.
നബാർഡിന് കീഴിൽ പ്രാഥമിക കാർഷിക സംഘങ്ങൾക്ക് സംഭരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ധനസഹായം നൽകിയതിലൂടെ കേരളത്തിൽ 70 സംഭരണ കേന്ദ്രങ്ങൾ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. 16076 മെട്രിക് ടൺ ഉൽപ്പന്നങ്ങളുടെ സംഭരണം ഈ സംഭരണികൾ സാധ്യമാകും. ഹോർട്ടികൾച്ചർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും കേരളത്തിൽ ഒരു പ്രത്യേക സംഭരണിയുണ്ട്.