നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് 666 ഗ്രാം സ്വർണ്ണം
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണ്ണം പിടിച്ചു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനാണ് പിടിയിലായത്. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്സിൽ നിന്ന് സ്വർണ്ണചെയിനുകളും പരിശോധനയിൽ കണ്ടെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 9-നും മലപ്പുറത്ത് സ്വർണ്ണം പിടിച്ചെടുത്തിരുന്നു. മലപ്പുറത്തെ മുന്നിയൂരിലായിരുന്നു സ്വർണ്ണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്ന് പാർസലായി കടത്തിയ 6.300 കിലോ സ്വർണ്ണമാണ് ഡിആർഐ പിടിച്ചെടുത്തത്. തേപ്പു പെട്ടി ഉൾപ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.
സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. കസ്റ്റസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണോ സ്വർണ്ണം കടത്തിയതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും ഡിആർഐ അന്വേഷിക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 12 -നും നെടുമ്പാശ്ശേരിയിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന ഒരു കിലോ സ്വർണവുമായി പിടിയിലായത്. 3 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം കണ്ടെത്താനാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നാണ് കസ്റ്റംസിനോട് പറഞ്ഞത്. ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.