ആണത്തമുണ്ടേൽ വാ തുറന്ന് മറുപടി പറയണം, മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരൻ; ‘കുഴൽനാടൻ നട്ടെല്ല് കാണിച്ചു’
കണ്ണൂർ: ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ രംഗത്ത്. ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ രീതിയല്ല, മാത്യു കുഴൽനാടന്റേത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് അവരുടെ ഏതു നേതാക്കൾക്കും വന്നു രേഖ പരിശോധിക്കാമെന്നു പറഞ്ഞ മനുഷ്യനാണ് അദ്ദേഹം. പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള തന്റേടം സി പി എമ്മിനുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
‘മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സി പി എം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സി പി എം ഏറ്റെടുക്കാത്തത്? അഴിമതി ആരോപണം ഉയർന്നപ്പോൾ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച മറ്റൊരു പൊതുപ്രവർത്തകനുണ്ടോ? അദ്ദേഹത്തിന് യാതൊരു ഭയപ്പാടുമില്ല. ഞങ്ങളൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, ഒരു പരാതിയെക്കുറിച്ചും അദ്ദേഹത്തിന് ഭയപ്പാടില്ല. അദ്ദേഹത്തിന്റെ കൈവശം എല്ലാ രേഖകളുമുണ്ട്. അത് ആർക്കും കൊടുക്കും. ആർക്കും പരിശോധിക്കാം. ഇതെല്ലാം പറയുന്നതിന് അപ്പുറം വേറെ എന്തു വേണം’- സുധാകരൻ ചോദിച്ചു.