Sunday, January 5, 2025
Kerala

റോഡ് നിർമാണത്തിലെ അപകട സാധ്യത സംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് അവഗണിച്ചു; പിന്നാലെ ചന്ദനപ്പള്ളി വള്ളിക്കോട് റോഡിൽ യുവാവിന്റെ തലയിൽ കമ്പികുത്തിക്കയറി അപകടം

ചന്ദനപ്പള്ളി വള്ളിക്കോട് റോഡിൽ യുവാവിന്റെ തലയിൽ കമ്പികുത്തിക്കയറി അപകടം ഉണ്ടായത് അപകടസാധ്യത സംബന്ധിച്ച് വിജിലൻസ് റിപ്പോർട്ട് അവഗണിക്കപ്പെട്ടതോടെയാണ്. റോഡ് നിർമ്മാണത്തിലെ അപാകതകളും, അപകടസാധ്യതകളും കാട്ടി വിജിലൻസ് നൽകിയ റിപ്പോർട്ട് അവഗണിക്കപ്പെട്ടതിന് പിന്നാലെയാണ് റോഡിൽ ചോര വീണത്. അപകടം ഉണ്ടായ സ്ഥലത്ത് ഉപയോഗിച്ചിരിക്കുന്ന പൂട്ടുകട്ടകൾക്കടക്കം ഗുണനിലവാരമില്ല എന്ന പരാതി നാട്ടുകാരും ഉന്നയിക്കുന്നുണ്ട്.

ഒൻപതര കോടി രൂപ സർക്കാർ നൽകിയ റോഡിൽ കരാർ കമ്പനിയായ കാവുങ്കൽ കൺസ്ട്രക്ഷൻസിന് തോന്നും പോലെയാണ് പണികൾ നടത്തുന്നതെന്നും, വലിയ അപകടങ്ങൾക്ക് ഇത് കാരണമാവുമെന്നും പത്തനംതിട്ട വിജിലൻസ് സംഘം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. റോഡിന്റെ പല ഭാഗത്തും വീതിയിലുണ്ടായ ഏറ്റക്കുറച്ചിലുകളും, പണിപൂർത്തിയാകാത്ത ഓടയും എല്ലാം വിജിലൻസ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ റോഡിൽ പലഭാഗത്തും വിരിച്ച ഇന്റർലോക്ക് കട്ടകൾക്ക് ഗുണനിലവാരമില്ല എന്ന സൂചനയും റിപ്പോർട്ടിലുണ്ടായിരുന്നു. വിജിലൻസ് പരാമർശിച്ച അതെ ഇന്ർലോക്ക് കട്ടകൾ പൊട്ടി പൊളിയാനും തുടങ്ങിയിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ട് അവഗണിക്കപ്പെട്ടു. വിജിലൻസ് കണ്ടെത്തിയ പോരായ്മകൾ കൃത്യസമയത്ത് പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ യുവാവിന്റെ തലയിൽ കമ്പികുത്തിക്കയറിയ അപകടം ഒഴിവാക്കാമായിരുന്നു. റോഡ് നിർമ്മാണത്തിൽ നാട്ടുകാർക്കും വലിയ പരാതികൾ ഉണ്ട്.

പരാതികൾ ഉദ്യോഗസ്ഥരോടും,കരാർ കമ്പനി ഉടമയോട് നേരിട്ടും പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ പറയുന്നു. അശാസ്ത്രിയ നിർമ്മാണം കാരണം ഇരുചക്ര വാഹനങ്ങൾ വള്ളിക്കോട്-ചന്ദനപ്പള്ളി റോഡിൽ തെന്നി വീണ് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *