മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം പ്ലാമൂട്-തേക്കുംമൂട് റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് പൂർണമായും നിർത്തലാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വീടുകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ പ്രദേശത്ത് സൂക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ മാലിന്യങ്ങൾ ഒരിടത്തും നിക്ഷേപിക്കുന്നില്ലെന്നും കത്തിക്കുന്നില്ലെന്നും പറയുന്നു. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് ഹരിതകർമ്മ സേനാംഗങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നഗരസഭയുടെ റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് പരാതിക്കാരായ പ്ലാമൂട്- തേക്കുമ്മൂട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എം. ശശിധരൻ നായരും സെക്രട്ടറി എഡ്വിൻ ബഞ്ചമിനും കമ്മീഷനെ അറിയിച്ചു.