മോൻസൻ – സുധാകരൻ വിവാദം: സുധാകരൻ്റെ വിശ്വസ്ഥൻ എബിൻ എബ്രഹാമിനെതിരെ തെളിവുകൾ പുറത്ത് വിട്ട് പരാതിക്കാർ
മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരന്റെ വിശ്വസ്തനായ എബിൻ എബ്രഹാമിനെതിരെയും കൂടുതൽ തെളിവുകൾ പുറത്തുവിട്ട പരാതിക്കാർ. എബിൻ എബ്രഹാം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിക്കുന്ന ശബ്ദരേഖ ലഭിച്ചു. ഉദ്യോഗസ്ഥനോട് എബിൻ കേസിൻ്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്. കൂടുതൽ ചോദ്യം ചെയ്യലുകൾ ഉണ്ടാകുമോ എന്ന് എബിൻ ചോദിക്കുന്നുണ്ട്. മോൻസൻ അറസ്റ്റിലായ സമയത്ത് നടന്നതാണ് ഈ സംഭാഷണം. ഇതിനെ തുടർന്ന് എബിനേയും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നു. ഈ കേസിൽ തങ്ങൾ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല എന്ന് സുധാകരനും എബിൻ എബ്രഹാമും നേരത്തെ പറഞ്ഞതിന് ശേഷമാണ് ഈ ശബ്ദ രേഖ പുറത്തു വന്നത്.
തട്ടിപ്പിൽ കെ സുധാകരനെതിരായ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി ഇടപെട്ടിട്ടില്ലെന്ന് കെ സുധാകരന് വേണ്ടി പരാതിക്കാരെ കണ്ടെന്ന് ആരോപണം നേരിട്ട എബിൻ എബ്രഹാം പറഞ്ഞത്. ഒത്തുതീർപ്പിനായി അല്ല പരാതിക്കാരനെ കണ്ടത്. കെ സുധാകരൻ മോൻസണെ കണ്ടത് ചികിത്സക്കാണെന്നും സുധാകരനെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നും എബിൻ എബ്രഹാം പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം പരാതിക്കാരോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിക്കാരും സാക്ഷി അജിത്തും ദൃശ്യങ്ങളിലുണ്ട്. കെ സുധാകരൻ മോൻസൺ മാവുങ്കൽ കേസിൽ പ്രതി ചേർക്കപ്പെട്ടപ്പോൾ തന്നെ, ഒത്തുതീർപ്പിന് തങ്ങളുമായി സമീപിച്ചുവെന്ന് പരാതിക്കാരായ അനൂപും യാക്കൂബും പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.