കെ.സുധാകരൻ മോൻസണെ കണ്ടത് ചികിത്സയ്ക്കായി; ഒത്തുതീർപ്പിനായി ഇടപെട്ടിട്ടില്ലെന്ന് എബിൻ എബ്രഹാം
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി ഇടപെട്ടിട്ടില്ലെന്ന് കെ സുധാകരന് വേണ്ടി പരാതിക്കാരെ കണ്ടെന്ന് ആരോപണം നേരിട്ട എബിൻ എബ്രഹാം. ഒത്തുതീർപ്പിനായി അല്ല പരാതിക്കാരനെ കണ്ടത്. കെ സുധാകരൻ മോൻസണെ കണ്ടത് ചികിത്സക്കാണെന്നും സുധാകരനെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നും എബിൻ എബ്രഹാം പറഞ്ഞു.
മുൻപ് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇതെന്നും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ മറുപടി കൊടുത്തിരുന്നുവെന്നും എബിൻ എബ്രഹാം പറഞ്ഞു. മാധ്യമങ്ങളും ഇതെല്ലാം നേരത്തെ ചർച്ച ചെയ്തതാണ്. ആദ്യത്തെ കൂടിക്കാഴ്ച അല്ല ഇത്. തങ്ങൾ അഞ്ചുതവണയോളം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒരു ഹോട്ടലിന്റെ ലോബിയിലിരുന്ന് പരസ്യമായിട്ടാണോ ഒത്തുതീർപ്പ് ചർച്ചയ്ക്ക് പോകുന്നതെന്നും എബിൻ എബ്രഹാം ചോദിച്ചു.
തട്ടിപ്പിൽ കെ സുധാകരനെതിരായ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെന്ന ആരോപണം തെളിയിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാം പരാതിക്കാരോട് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിക്കാരും സാക്ഷി അജിത്തും ദൃശ്യങ്ങളിലുണ്ട്. കെ സുധാകരൻ മോൻസൺ മാവുങ്കൽ കേസിൽ പ്രതി ചേർക്കപ്പെട്ടപ്പോൾ തന്നെ, ഒത്തുതീർപ്പിന് തങ്ങളുമായി സമീപിച്ചുവെന്ന് പരാതിക്കാരായ അനൂപും യാക്കൂബും പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ.
കൊച്ചി വൈറ്റിലയിലെ ഒരു ഹോട്ടലിൽ വച്ച് 2021 ഒക്ടോബറിലാണ് കൂടിക്കാഴ്ച നടന്നത്. ഈ ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പ്രധാന മൊഴികളും നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഈ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
കെ സുധാകരന്റെ അറസ്റ്റിന് 21 വരെ കോടതി വിലക്കുണ്ടെങ്കിലും കേസിലെ മറ്റ് നടപടിക്രമങ്ങളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്. തിങ്കളാഴ്ച ഹാജരാകാൻ പരാതിക്കാർക്ക് നിർദ്ദേശമുണ്ട്. ഇതിന് ശേഷമാകും ഒന്നാം പ്രതി മോൻസണെ ചോദ്യം ചെയ്യുക. ജയിലിലെത്തി മോൻസണെ ചോദ്യം ചെയ്യാൻ എറണാകുളം പോക്സോ കോടതി അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ന് പോകേ്സോ കേസിലെ വിധിക്ക് ശേഷവും മാധ്യമ പ്രവർത്തകരോട് പ്രതികരിക്കവേ കെ സുധാകരനടക്കം കേസിൽ ആർക്കും പങ്കില്ലെന്ന് മോൻസൺ ആവർത്തിക്കുകയായിരുന്നു.